
കേരള തീരത്ത് മുങ്ങിയ ‘എംഎസ്സി എൽസ 3’ യിൽ കൊല്ലത്തുനിന്നുള്ള കശുവണ്ടിയും ഉണ്ടായിരുന്നെന്ന് റിപ്പോർട്ട്. ഒന്നിലധികം കമ്പനികളുടെ കശുവണ്ടിയാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവയിൽ പലതിനും ഇൻഷുറൻസ് ഉണ്ടായിരുന്നില്ല എന്നത് ഈ കമ്പനികളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.
സിമന്റും അസംസ്കൃത ഭക്ഷ്യവസ്തുക്കളുമൊക്കെ കപ്പലിൽ കയറ്റി അയക്കുമ്പോൾ എല്ലാ വ്യാപാരികളും ഇൻഷുർ ചെയ്യാറില്ല. അന്തിമ ഉൽപന്നത്തിന്റെ വില വർധിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്തരത്തിൽ പല വ്യാപാരികളും കശുവണ്ടി കയറ്റി അയക്കാറുമുണ്ട് എന്നാണ് പറയപ്പെടുന്നത്. ‘എംഎസ്സി എൽസ 3’ യിൽ ഇത്തരത്തിലുള്ള എത്ര കണ്ടെയ്നർ കശുവണ്ടിയുണ്ടായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. ഇൻഷുർ ചെയ്യാത്ത കശുവണ്ടി കണ്ടെയ്നറുകളും കപ്പലിൽ ഉണ്ടായിരുന്നെങ്കിൽ ആ കമ്പനികൾക്ക് വലിയ നഷ്ടമാണ് കപ്പൽച്ചേതം മൂലമുണ്ടാകുക.
ശനിയാഴ്ച ഉച്ചയ്ക്കാണ് കൊച്ചിയുടെ പുറങ്കടലിൽ കപ്പൽ അപകടത്തിൽപെട്ടത്. 700 – 1,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നു പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എംഎസ്സിയുടെ (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി) കണ്ടെയ്നർ ഫീഡർ കപ്പലായ ‘എംഎസ്സി എൽസ 3’ യാണ് മുങ്ങിയത്. കപ്പലിൽ ഏകദേശം 600 കോടി രൂപയിലേറെ മൂല്യമുള്ള വിവിധ ഇനം ചരക്കുകൾ ഉണ്ടായിരുന്നതായാണ് സൂചന. കശുവണ്ടി മുതൽ രാസവസ്തുക്കൾ വരെ വ്യത്യസ്ത ഇനം ചരക്കുകളാണ് 550 കണ്ടെയ്നറുകളിൽ നിറച്ചിരുന്നത്. ഇവയ്ക്കു പുറമേ, ഒഴിഞ്ഞ (എംപ്റ്റി ബോക്സ്) 73 കണ്ടെയ്നറുകളും കപ്പലിലുണ്ടായിരുന്നു.











